ശൈലികള്‍

ഒരു ജനതയുടെ സ്വത്വം തിരിച്ചറിയാന്‍ അവരുടെ ഭാഷയുടെ സവിശേഷതകള്‍ വിശകലനം ചെയ്‌താല്‍ മതി . സംസ്കാരത്തിന്റെ തന്നെ പ്രതിഫലനമാണ് ഭാഷ .ഭാഷയിലെ ശൈലികള്‍ സ്വാഭാവികമായും രൂപപ്പെട്ടുവരുന്നത്‌ ഈ സാംസ്കാരിക പശ്ചാത്തലത്തിലായിരിക്കും. ഒരു ജനതയുടെ സ്വഭാവസവിശേഷതകള്‍ ശൈലിയില്‍ പ്രകടമാണ് .ഭാഷയ്ക്കകത്തെ കൂട്ടായ്മയില്‍ നിന്നാണ് ഇതു രൂപം കൊള്ളുന്നത്‌ .നിരവധി കാലത്തെ തേച്ചുമിനുക്കലിലൂടെയാണ് ശൈലികള്‍ സമൂഹം രൂപപ്പെടുത്തിയെടുക്കുന്നത് . • അക്കരപ്പച്ച - മിഥ്യാഭ്രമം
 • അധരവ്യായാമം - വ്യര്‍ത്ഥഭാഷണം
 • അബദ്ധപഞ്ചാംഗം - പരമാബദ്ധം
 • ആകാശക്കോട്ട - മനോരാജ്യം
 • ഇരുട്ടടി - രഹസ്യമായി നേരിടുന്ന അപകടം
 • ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആള്‍
 • ഉരുളയ്ക്കുപ്പേരി - തക്ക മറുപടി
 • ഉര്‍വശി ചമയുക - അണിഞ്ഞ് ഒരുങ്ങുക
 • ഊതി വീര്‍പ്പിക്കുക - പെരുപ്പിച്ചു കാണിക്കുക
 • എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു
 • ഏട്ടിലെ പശു - നിഷ്ഫല വസ്തു
 • ഓട്ട പ്രദക്ഷിണം - തിടുക്കത്തില്‍ നിര്‍വഹിക്കുന്ന കൃത്യം
 • കടശ്ശിക്കൈ - അവസാനകര്‍മ്മം
 • കണ്ടകശനി - വലിയ കഷ്ടകാലം
 • കാക്കപ്പൊന്ന് - വിലകെട്ട വസ്തു
 • കുറുപ്പില്ലാകളരി - നാഥനില്ലായ്മ
 • ഗജനിമീലനം - കണ്ടാലും കണ്ടില്ലെന്ന നാട്യം
 • ഗോപി തൊടുക - വിഫലമാവുക
 • ചാക്കിട്ടു പിടുത്തം - സ്വാധീനത്തില്‍ വരുത്തുക
 • ചെമ്പ് തെളിയുക - പൂച്ച് വെളിപ്പെടുത്തുക
 • തിരയെണ്ണുക - നിഷ്ഫല പ്രവൃത്തി
 • ദീപാളികുളിക്കുക - ധൂര്‍ത്തടിക്കുക
 • ധൃതരാഷ്ട്രലിംഗനം - ഉള്ളില്‍ പകവെച്ച സ്നേഹ പ്രകടനം
 • നിര്‍ഗുണ പരബ്രഹ്മം - പ്രയോജനശൂന്യമായ വസ്തു
 • പതിനെട്ടാമത്തെ അടവ് - അവസാനമാര്‍ഗ്ഗം
 • പള്ളിയില്‍ പറയുക - വിലപ്പോവാതിരിക്കുക
 • പൊട്ടന്‍ കളി - വിഡ്ഢിവേഷം അഭിനയിക്കുക
 • ഭഗീരഥയത്നം - സോദ്ദേശ്യമായ കഠിനപ്രയത്നം
 • മര്‍ക്കടമുഷ്ടി - അയവില്ലാത്ത നില
 • കുതികാല്‍വെട്ടുക - വഞ്ചിക്കുക
 • മുട്ടുശാന്തി - താല്‍ക്കാലികമായ ഏര്‍പ്പാട്
 • രാമേശ്വരത്തെ ക്ഷൌരം - പൂര്‍ത്തിയാക്കാത്ത കാര്യം
 • ലഗ്നാലും ചന്ദ്രാലും - ഏതു വിധത്തിലും
 • വളംവച്ചു കൊടുക്കുക - പ്രോത്സാഹിപ്പിക്കുക
 • വിഷമവൃത്തം - ദുര്‍ഘടസ്ഥിതി
 • വെടിവട്ടം - നേരംപോക്ക്
 • വെള്ളിയാഴ്ചക്കറ്റം - ദുര്‍ബലമായ തടസ്സവാദം
 • വൈതരണി - ദുര്‍ഘടം
 • ശവത്തില്‍ കുത്തുക - ശക്തിഹീനനെ കഷ്ടപ്പെടുത്തുക
 • ശുക്രദശ - നല്ലകാലം
 • സുഗ്രീവശാസന - അലംഘനീയമായ കല്പന
 • ഞാണിന്മേല്‍കളി - കൗശലപ്രകടനം
 • ധര്‍മ്മ സങ്കടം - എന്തുചെയ്യണമെന്നറിയാത്ത സങ്കടാവസ്ഥ
 • നക്ഷത്രമെണ്ണുക - കഷ്ടടപ്പെടുക
 • ഇത്തിക്കണ്ണി - ചൂഷകന്‍
 • ഇലയിട്ട് ചവിട്ടുക - മന:പൂര്‍വ്വം നിന്ദിക്കുക
 • ഉച്ചക്കിറുക്ക്‌ - അസാധാരണ മാനസിക വിഭ്രാന്തി
 • എരിതീയില്‍ എണ്ണയൊഴിക്കുക - വിനാശത്തെ ത്വരിപ്പിക്കുക
 • ഒറ്റപ്പൂരാടം - ഏകമകന്‍
 • ബഡവാഗ്നി - സര്‍വനാശകരമായ വസ്തു