പഴഞ്ചൊല്ലുകള്‍


പലരും പറഞ്ഞു പഴകിയ ചൊല്ല് "
എന്നോ " കാലപ്പഴക്കമുള്ള ചൊല്ല് "
എന്നോ പഴഞ്ചൊല്ലിനെ നിര്‍വചിക്കാം .


പൂര്‍വികരുടെ നാവില്‍നിന്നു ഉപദേശമായും സാമാന്യതത്വമായും വസ്തു സ്ഥിതി കഥനമായും വാര്‍ന്നു വീണ പഴഞ്ചൊല്ലുകള്‍ വാമൊഴിയിലൂടെ സാധാരണക്കാരന്റെ ജീവിതത്തിലേക്കിറങ്ങി വന്നവയാണ്.
സരസവും സാരവത്തുമായ രീതിയില്‍ തത്വചിന്തകളാവിഷ്ക്കരിക്കുന്ന പഴഞ്ചൊല്ലുകളുടെ ഉത്ഭവം പ്രാചീന സാമുദായിക സ്ഥിതികളാണ്.



  1. അകത്തുള്ളത് മുഖത്ത് വിളങ്ങും - മനസ്സിലുള്ളത് മുഖത്ത് പ്രകാശിക്കും
  2. അകലത്തെ ബന്ധുവിനേക്കാള്‍ അരികത്തെ ശത്രു നല്ലു - പെട്ടെന്നുള്ള വിഷമ ഘട്ടത്തില്‍ സഹായിക്കാന്‍ അകലത്തെ ബന്ധുവിനാവില്ല . അതിനുതകുന്നത് ശത്രുവായാല്‍ പോലും അടുത്തുള്ളവനാണ് .
  3. അക്കരെനിന്നാല്‍ ഇക്കരെപ്പച്ച ഇക്കരെ നിന്നാല്‍ അക്കരെപ്പച്ച – ഒരു സ്ഥിതിയിലായിരിക്കുമ്പോള്‍ മറ്റൊന്നാണ് നല്ലതെന്ന് തോന്നും . അത് കൈ വരിക്കുമ്പോഴാകട്ടെ ആദ്യത്തേതാണ് മെച്ചമെന്ന് തോന്നും .
  4. അങ്ങാടിയില്‍ തോറ്റതിനമ്മയോട് - വേണ്ടിടത്ത് വേണ്ടവണ്ണം പ്രവര്‍ത്തിക്കാതെ അനവസരത്തില്‍ ആസ്ഥാനത്തുള്ള പ്രയോഗം
  5. അച്ഛന്‍ ആനക്കാരനായാല്‍ മകന് തഴമ്പ് വരുമോ - പരിശീലനം കൊണ്ട് ഉണ്ടാകുന്ന സ്വഭാവം പിന്‍ഗാമികളെ ബാധിക്കുമോ ?
  6. അടിസ്ഥാനമുറച്ചേ ആരൂഡമുരക്കൂ - ഗൃഹത്തില്‍ അടിത്തരക്കുറപ്പുണ്ടെങ്കിലെ മേല്‍പ്പുരയിലെ ഉത്തരം ഉറയ്ക്കൂ
  7. അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കുമോ ? - ശീലിച്ചു വന്ന സ്വഭാവം പ്രായം ചെന്നാലും മാറില്ല
  8. അത്താഴം മുടക്കാന്‍ നീര്‍ക്കോലി മതി - നീര്‍ക്കോലിക്ക് വിഷമില്ലെങ്കിലും അത് കടിച്ചാല്‍ അത്താഴം മുടങ്ങും നിസ്സാരന്മാര്‍ക്കും ചെറിയ തടസ്സങ്ങള്‍ വരുത്തി വെക്കാന്‍ സാധിക്കും
  9. ആകെ മുങ്ങിയാല്‍ കുളിരില്ല – പ്രവൃത്തിക്ക് മുന്പ് വരും വരായികളോര്‍ത്ത് സംശയിച്ചാല്‍ അത് ചെയ്തു തീര്‍ക്കാനാവില്ല .കര്‍മ്മ സന്നിദ്ധനായി ഇറങ്ങുന്നവന് മാര്‍ഗ്ഗവിഘ്നങ്ങള്‍ നിഷ്പ്രയാസം നേരിടാം
  10. ആടറിയുമോ അങ്ങാടി വാണിഭം - നിസ്സാരന്മാര്‍ക്ക് മഹല്‍ക്കാര്യങ്ങളെക്കുറിച്ച് എന്തറിയാം ?
  11. ആധിയോളം വലിയ വ്യാധിയില്ല – മനോവിഷമം ദേഹാസ്വാസ്ഥ്യമുണ്ടാക്കും
  12. ആനകൊടുത്താലും ആശ കൊടുക്കരുത് - മനസ്സില്‍ ആശ ജനിപ്പിച്ചാല്‍ അത് സാധിച്ചു കൊടുക്കണം .അതിനു കഴിവില്ലെങ്കില്‍ ആശിപ്പിക്കരുത്
  13. ഇടി വെട്ടിയവനെ പാമ്പു കടിച്ചു - ആപത്തിന് മേല്‍ ആപത്ത്
  14. ഇഷ്ടടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം - കുറ്റാരോപണം നിസ്സാര കുറ്റവും വലുതാക്കി കാണിക്കും .
  15. ഇറക്കമുണ്ടെങ്കില്‍ ഏറ്റവുമുണ്ട് - ദു:ഖമുണ്ടെങ്കില്‍ സൌഖ്യവുമുണ്ട് .
  16. ഉണ്ട അച്ചിക്കേ ഉണ്മാദമുള്ളു - ആഹാരം കഴിച്ചവര്‍ക്ക് അതിന്റെ ഫലമനുഭവപ്പെടും.
  17. ഉണ്ട ചോറ്റില്‍ കല്ലിടരുത് - ഉപകരിച്ചവനെ ദ്രോഹിക്കരുത് .
  18. ഉണ്ണിയുണ്ടായിട്ടുവേണ്ടേ ഉപനയിക്കുവാന്‍ - വസ്തുവുണ്ടായിട്ടുവേണ്ടേ അതിന്റെ വിവിധാംശങ്ങളെ കുറിച്ച് ചിന്തിക്കാന്‍ .ഇല്ലാത്ത വസ്തുക്കളെക്കുറിച്ച് ചിന്തിച്ച് സമയം കളയുന്നതിന്റെ വ്യര്‍ത്ഥത .
  19. ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും - പരമാര്‍ത്ഥം പറഞ്ഞാല്‍ ആരും ആദ്യം ഗൌനിക്കുകയില്ല
  20. എടുത്തു ചാടിയ പൂച്ച എലിയെ ഗൗനിക്കില്ല – ധൃതിയുണ്ടായാല്‍ കാര്യം നടക്കില്ല .
  21. ഏഴയെക്കണ്ടാല്‍ മൊഴ തുപ്പും - തന്നില്‍ നിസ്സാരന്മാരോട് ആരും അവജ്ഞാപൂര്‍വ്വം പെരുമാറും .
  22. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ - ആകാത്ത കാര്യം ചെയ്യാന്‍ തുനിയരുത് .
  23. കാക്കാന്‍ പഠിച്ചവന്‍ നിക്കാനും പഠിക്കണം - കര്‍മ്മം ചെയ്യാന്‍ തുനിഞ്ഞിറങ്ങുമ്പോള്‍ അതിന്റെ ഭവിഷ്യത്തുകള്‍ നേരിടുവാനും അറിഞ്ഞിരിക്കണം .
  24. കണ്ടറിയാത്തവന്‍ കൊണ്ടറിയും - കാണുമ്പോഴറിയാഞ്ഞാല്‍ അനുഭവിക്കുമ്പോഴറിയാം .
  25. കള്ളന് ചൂട്ടു പിടിക്കരുത് - ദുഷ്ടന്മാരെ സഹായിക്കരുത്, അവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കരുത് .
  26. കാക്ക കുളിച്ചാല്‍ കൊക്കാകുമോ ? - നികൃഷ്ടന്മാര്‍ നന്നാകാന്‍ ശ്രമിച്ചാലും ശ്രേഷ്ഠന്‍മാരാകുമോ ? ദുഷ്ടന്മാര്‍ സല്‍കര്‍മ്മം ചെയ്താലും നിഷ്പ്രയോജനമായിരിക്കുമെന്ന് സാരം.
  27. കുനിയന്‍ മദിച്ചാല്‍ മുട്ടോളം - നിസ്സാരന്മാരുടെ മുന്നേറ്റത്തിനോരതിരുണ്ട്
  28. കോലമോത്തിലെങ്കിലും ശീലമാക്കണം - ആകാരം നന്നായിലെങ്കിലും സ്വഭാവം നന്നാവണം. ബാഹ്യ സൗന്ദര്യത്തെക്കാള്‍ സ്വഭാവത്തിന്റെ മഹത്വം ധ്വനീ .
  29. ചക്കിന് വച്ചത് കൊക്കിനു കൊണ്ടു - ഒരാളെ കരുതി പ്രവര്‍ത്തിച്ചു മറ്റൊരാള്‍ക്കേറ്റു .
  30. തനിക്കുന്ണ്ടെങ്കിലെ തനിക്കുതകു - സ്വന്തം ആളുകളുന്ടെങ്കിലെ തനിക്കുപകരിക്കൂ .
  31. തന്റെ ഒരു മുറം വച്ചിട്ട് ആരാന്റെ അര മുറം പറയരുത് - തന്റെ വലിയ രോഷം മറച്ചുവച്ചിട്ട് അന്യന്റെ നിസ്സാര ദോഷമെടുത്ത് പറയരുത് .
  32. തലയിലെഴുത്ത് തലോടിയാല്‍ പോകുമോ - വിധിച്ചത് അതേ പടി നടക്കും .അതിനു പ്രതിവിധികളോന്നുമില്ല .
  33. താനിരിക്കേണ്ടിടത്ത് താനിരിക്കാഞ്ഞാല്‍ താനിരിക്കേണ്ടിടത്ത് നായിരിക്കും .തന്റെ സ്ഥാനത്ത് താനിരുന്നില്ലെങ്കില്‍ അവിടെ അനര്‍ഹാന്മാര്‍ കയറിയിരിക്കും .സ്വന്തം നില വിട്ടു പ്രവര്‍ത്തിക്കരുതെന്ന് സാരം.
  34. ദുഷ്ടുള്ളിടത്തെ അട്ട കടിക്കൂ - നികൃഷ്ട സ്ഥാനങ്ങളെ ദുഷ്ടന്മാരെ ആകര്‍ഷിക്കൂ .
  35. പശു ചത്തു , മോരിലെ പുളിയും പോയി - ആള്‍ നശിച്ചു , ആളെ പറ്റിയുള്ള സ്മരണയും നശിച്ചു .
  36. പുഴ കഴിഞ്ഞാല്‍ തുഴ കളയാം - ആവശ്യം കഴിഞ്ഞാല്‍ സഹായികളെ വിസ്മരിക്കുന്ന പ്രകൃതം.
  37. മിന്നുന്നതെല്ലാം പൊന്നല്ല – പൊന്നല്ലാത്തതും മിന്നും .
  38. നനഞ്ഞിറങ്ങിയാല്‍ കുളിച്ചു കയറണം - പ്രവര്‍ത്തിയാരംഭിച്ചാല്‍ മുഴുമിക്കണം .
  39. നാടോടുമ്പോള്‍ നടുവേ - കാലത്തിനും ദേശത്തിനും അനുസരിച്ച് ജീവിക്കണം .
  40. മുള്ളിനു നേരെ ഉരക്കരുത് - ബലവാന്മരോടെതിര്‍ക്കുമ്പോള്‍ സൂക്ഷിക്കണം .അത് സ്വന്തം നാശത്തിനെ വഴി തെളിയൂ .
  41. വണ്ടിക്കാളയ്ക്ക് പുല്ലില്ല ; പിന്നെയാണ് തെണ്ടിക്കാളയ്ക്ക് - ഉപകരിക്കുന്നവര്‍ക്ക് നല്‍കാന്‍ വസ്തുവില്ല .പിന്നെയാണ് ഒരുപകാരവുമില്ലാതെ ഉപദ്രവിക്കാന്‍ വരുന്നവര്‍ക്ക് .
  42. വമ്പനോട് പഴുത് നല്ലൂ - വമ്പന്മാരോട് പെരുമാറുന്നത് തക്കം പോലെയും സന്ദര്‍ഭാനുസൃതമായും വേണം .ഇല്ലെങ്കില്‍ അവരോളം ശക്തിയില്ലാത്ത നാം കുഴപ്പത്തിലാകും .
  43. വല്ലഭനു പുല്ലുമായുധം - സമര്‍ത്ഥന്‍മാര്‍ക്ക് നിസ്സാര ഉപാധികളും വന്‍കാര്യ സാധ്യത്തിനുതകും.
  44. വിരല്‍ കൊടുത്താല്‍ കൈ വിഴുങ്ങും - അല്പം സൗജന്യമനുവദിച്ചാല്‍ ആകെ ആക്രമിച്ചെടുക്കും.
  45. വിളഞ്ഞ കണ്ടത്തിലേക്ക് വെള്ളം തിരിക്കണ്ട – അറിവുള്ളവരെ പറഞ്ഞു മനസ്സിലാക്കണ്ട .
  46. വീഴുന്ന ചുവരിന് ഒരു കൈ താങ്ങ് - ചുവരു വീഴുമ്പോള്‍ കൈ കൊണ്ട് താങ്ങുക സാധ്യമല്ല. ഘോരമായ ആപത്ത് വരുമ്പോള്‍ നിസ്സാര പ്രതിവിധി കൊണ്ട് തടുക്കാനാവില്ലെന്ന് സാരം .
  47. സൂചികൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കരുത് - ആരംഭത്തില്‍ നിസ്സാരമായ പ്രതിവിധി കൊണ്ട് പരിഹരിക്കപ്പെടാവുന്ന ദോഷങ്ങള്‍ പിന്നീട് വന്‍ ശ്രമം നടത്തിയാലും പരിഹരിക്കപ്പെടുകയില്ല .അത്തരം സ്ഥിതി വരുത്തി വയ്ക്കരുത് .
  48. ഉള്ളം കൈയ്യില്‍ നിന്ന് രോമം പറിക്കാമോ ? - അസാധ്യവും വ്യര്‍ത്ഥവുമായ കാര്യം .
  49. ഒന്നു ചീയുന്നത് മറ്റൊന്നിന് വളം - ഒരു വസ്തുവിനുണ്ടാകുന്ന ദോഷം മറ്റൊന്നിന് ഗുണമായിത്തീരും .
  50. ഒരു നാഴിക വഴി ഒച്ചിന് ഒമ്പതുകാതം - നിസ്സാരന്മാര്‍ക്കു ലഘു കാര്യങ്ങളും ദുഷ്ക്കരമായി തോന്നാം .